ഇനിയും...
ഞാൻ കാത്തിരിക്കും...
പോണ്‍ സൈറ്റുകളിലെ പെർഫെക്റ്റ്
പെണ്ണുടലുകളിൽ നിന്ന് നീ
എന്റെ അപൂർണ്ണ നഗ്നതയിലേയ്ക്ക് തിരിച്ചു
വരുന്നത്,
ഞാൻ കാത്തിരിക്കും...
ഞാൻ കാത്തിരിക്കും...
നിന്റെ സ്വർഗ്ഗങ്ങളിലേക്ക്
ഭൂമിയിലെ എന്റെ കൊച്ചു വസന്തങ്ങൾ
വിരുന്നു വരുന്നത്,
ഞാൻ കാത്തിരിക്കും...
നിന്റെ ഇഴയുന്ന കണ്ണുകളുടെ തിളക്കം
എന്റെ നന്മകളിലേക്ക് മാത്രം പതിയുന്നത്,
ഞാൻ കാത്തിരിക്കും...
നിന്റെ കവിതകൾ എന്റെ അവകാശമാകുന്നത്
നിന്റെ രഹസ്യങ്ങൾ എന്റെ ഹൃദയത്തിന്റെ
ചൂടു തേടി വരുന്നത്,
ഞാൻ കാത്തിരിക്കും...
ഞാൻ കാത്തിരിക്കും...
പറയാതെ നീയെന്നെ അറിയുവാൻ,
നീറുന്ന നൊമ്പരത്തണലു തിരയുവാൻ,
ഒരു കുളിരിന്റെ തുരുത്തായ്
എന്നെ നീ വേർതിരിക്കുന്നതിന്,
ഞാൻ കാത്തിരിക്കും...
എന്റെ യാഥാർഥ്യങ്ങളുടെ നേരിലെ
പ്രണയം നുകരുവാൻ നീയെത്തുന്ന
നിറമുള്ള ചിറകുകൾ,
ഇനിയും ഞാൻ കാത്തിരിക്കും....
ഉടലോളം മാത്രം വലിപ്പത്തിൽ നിന്ന്
ഉയിരോളം നീ ഉയരുന്നത്,
അവിടെ ഞാനൊരു നീരുറവയായ്
നീയോളം നീളുന്നത്.
;)
അങ്ങനെയൊക്കെയാണ്
ദൈവമുണ്ടായിരുന്നെങ്കിലെന്നു
ഞാൻ കൊതിച്ചു പോകുന്നത്!








